ഗിഫ്റ്റ് കഥ
ഗിഫ്റ്റ് കഥ:
( ഒരു ചുരിദാർ ഗിഫ്റ്റ് അപാരത)
എനിക്ക് കിട്ടിയ ഫ്രണ്ട് പല കാര്യത്തിലും എൻ്റേതിന് സമാനമായ കാഴ്ചപ്പാടുള്ളയാളാണ്. ഒരു കുട്ടി മതിയെന്ന തീരുമാനം നമുക്കിരുവർക്കും മനുഷ്യൻ എന്ന സ്പീഷീസിൻ്റ ഭാവി ഭദ്രമായിരിക്കണമെന്ന ആശയത്തിലുള്ള തുല്യത വ്യക്തമാക്കുന്നു.
എന്നാൽ ചിന്താമണ്ഡലത്തിൽ എനിക്കുള്ള ഭ്രാന്തിൽ നിന്നും അകന്നു നിൽക്കുന്നുവെന്ന വ്യത്യാസവും ഉണ്ട്.
ആ ഫ്രണ്ടിനോട് തന്നെയാണ് സ്ത്രീകളിഷ്ടപ്പെടുന്ന ഗിഫ്റ്റ് എന്തായിരിക്കുമെന്ന് അന്വേഷിച്ചത്. ഉടനെ മറുപടിയും വന്നു: ഫ്രണ്ട് ഞാനാണെങ്കിൽ ചുരിദാറ്!
വേറൊരാളെ സമീപിച്ചു: അവളും പറയുന്നു: ഞാനാണെങ്കിൽ ചുരിദാറ്!
മൂന്നാമതൊരാളും അത് തന്നെ പറഞ്ഞപ്പോൾ എവിടേയോ ഏതോ ഒരണ്ണാൻ അണ്ടി കളഞ്ഞ് ഇരിക്കുന്ന പടം മനസ്സിൽ വന്നു.
ഫാഷനെപ്പറ്റിയുള്ള ധാരണയോ നല്ല വർണ്ണാവബോധമോ ഇല്ലാത്തതിനാൽ ചുരിദാർ വാങ്ങുന്ന കാര്യം എന്തായാലും നടപടിയാവില്ല എന്ന് തന്നെ സ്വയം തീർപ്പാക്കി. പക്ഷേ മനസ്സ് വീണ്ടും പിടക്കാൻ തുടങ്ങി. ടൗണിലെ കുറേ പെണ്ണുങ്ങളുള്ള കടയിൽ കയറി. അവിടത്തെ വെളുവെളുത്ത ഒരു പണിക്കാരിയെ ചൂണ്ടി മറ്റൊരുവളോട് ഇങ്ങനെ പറഞ്ഞു: അവരെപ്പോലുള്ള ഒരാളിന് കൊടുക്കാൻ ഒരു ചുരിദാർ വേണം. 1000 രൂപയുടേത് മതി. ഫാഷനിൽ മിതത്വം വേണം. കളർ നല്ലതായിരിക്കണം.
അവരോരോ ചൊറിഫ്യൂഷൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.
ഇത് വൈഫിനാണോ? എങ്കിലവരുടെ ഇഷ്ട നിറം ഏതാണ്?
ഫാഷനിൽ താൽപര്യമുള്ളയാളാണോ?
ഞാൻ പറഞ്ഞു: വൈഫിനല്ല. അവരുടെ ഇഷ്ടങ്ങളറിയില്ല.
പെണ്ണുങ്ങൾ എന്തോ പിടികിട്ടിയത് പോലെ ചിരിക്കാൻ തുടങ്ങി. എനിക്ക് ലൈറ്റായി സങ്കടം വന്നു. നിങ്ങള് വിചാരിക്കുന്നത് പോലെ ഇത് ലൈനിന് കൊടുക്കാനല്ല. ഇത് വേറൊരു കാര്യത്തിനാണെന്ന് പറയാനൊന്നും നിന്നില്ല. വയലറ്റ് കളറിന് റോസ് കളറിൽ ജനിച്ച കുഞ്ഞിൻ്റെ കളറിലുള്ള ഒരു ചുരിദാർ അവർ തന്നെ സെലക്ട് ചെയ്ത് തന്നു. 1300 രൂപയാണ് വില. 15 % കിഴിവുണ്ട്.
അത് കിട്ടിയത് പോലെ ബേഗിൽ തിരുകി അതിൻ്റെ വില കൊടുത്ത് ഞാനിറങ്ങി.
വീട്ടിലെത്തി പതിവുപോലെയുള്ള ചടങ്ങുകൾക്ക് ശേഷം ഉറങ്ങി.
രാവിലെ ഓഫീസിൽ പോകാനായി കുളിക്കാൻ പോയി വരുമ്പോൾ റൂമിൻ്റെ വാതിലടച്ചിരിക്കുന്നു. ഒന്ന് തള്ളിയപ്പോൾ അതാ വാതിൽ തുറക്കുന്നു. അകത്ത് ചുരിദാറിട്ട ഒരു പെണ്ണ് നിൽക്കുന്നു. ഞാൻ ഞെട്ടി. പേടിച്ചു. ഷീനേന്ന് ഉറക്കെ വിളിച്ചു.
അവൾ പറഞ്ഞു: കൂക്കണ്ട. ഇത് ഞാൻ തന്നെയാ. ഉച്ചക്കേത്തെ ഭക്ഷണം എടുത്ത് വയ്ക്കാൻ പാത്രം എടുക്കാൻ ബാഗ് തപ്പിയപ്പോഴാ ഈ ചുരിദാറ് കണ്ടത്. ന്യൂ ഇയറിന് തരാൻ ഇങ്ങനെയൊന്ന് വാങ്ങി വച്ചത് എന്നോട് പറയാത്തത് മോശായിപ്പോയി. അത് പോട്ടെ. കളർ ഉഗ്രൻ. നല്ല കട്ടിങ്ങ്. പക്ഷേ അൽപം ടൈറ്റ് ജാസ്തിയാ.
"ശ്രീനക്ക് വേണ്ടി വാങ്ങിയത് ഷീനക്ക് പാകമാകണമെങ്കിൽ ഒന്നുകിൽ ശ്രീന അസാരം തടിക്കണം. അല്ലെങ്കിൽ ഷീന അസാരം മെലിയണം" എന്നൊക്കെ പറയാൻ തോന്നിയാലും സിറ്റുവേഷൻ കട്ട സീരിയസ്സായതിനാൽ മിണ്ടാതങ്ങനെ നിന്നു. അവൾ ഹർഷാതിരേകം പൂണ്ട് എന്നെ കേറിയങ്ങ് ഹഗ്ഗ് ചെയ്തു കളഞ്ഞു. മരത്തെ കെട്ടിപ്പിടിച്ചാൽ പ്രകൃതി സ്നേഹിക്ക് ഒരു മാതിരി ഇതൊക്കെ കിട്ടുമായിരിക്കും. പക്ഷേ മരത്തിനെന്തൊലക്കയാ?? ഇവളൊക്കെ എമ്മെല്ലെയായാൽ ഒരൊറ്റ ചുരിദാർ കൊടുത്താൻ ആ സ്ഥാനമങ്ങ് രാജിവച്ചു കളയുമല്ലോ എന്ന് ഞാൻ ന്യായമായും സംശയിച്ചു.
അതൊക്കെ ഞാനങ്ങ് സഹിച്ചു. തുടർന്നുള്ള പതം പറച്ചിലാണ് ഭീകരം!
"നിങ്ങൾക്ക് സ്നേഹമുണ്ട്. പക്ഷേ പ്രകടിപ്പിക്കാനറിയില്ല. ഇത് സർപ്രൈസ് ആക്കാൻ ചെയ്ത പണിയാണെന്നറിയാം. നമ്മൾ തമ്മിലതൊക്കെ വേണോ? രണ്ടു പേർക്കും കൂടി പോകാമായിരുന്നു. നശിപ്പിച്ച് "
സ്നേഹം ..... ഉണ്ടയാണ്. സിറ്റുവേഷൻ സീരിയസ്സാകുമ്പോൾ നായകനായാലും മാസ് ഡയലോഗ് പറയരുതല്ലോ? ഞാൻ തിരക്കഭിനയിച്ച് രംഗം വിട്ടു.
അങ്ങനെയാണ് ഗിഫ്റ്റ് വസ്ത്രത്തിന് പകരം പുസ്തകമായത്.
അവളിതറിയണ്ട. ഇപ്പോൾ അവൾ ഹേപ്പിയാണ്. അത് അങ്ങനെ തന്നെ നിൽക്കട്ടെ.
വിധു ചോപ്ര
വായിക്കാൻ നല്ല രസം 👍🏻👍🏻👍🏻
ReplyDelete👌
ReplyDelete😍😍🤣🤣
ReplyDelete